Sunday, March 30, 2008

ഓലേഞ്ഞാലി



പക്ഷികള്‍ക്കിടയില്‍ വിചിത്രസ്വാഭവക്കാരുണ്ട്‌. രക്ഷകരുണ്ട്‌, അതുപോലെ മറ്റു ജാതി പക്ഷികളുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും സൂത്രത്തില്‍ അപഹരിക്കുന്ന കശ്മലന്മാരുമുണ്ട്‌. അത്തരത്തില്‍ കശ്മല ഗണത്തില്‍ പെടുത്താവുന്ന രണ്ടു ജാതി പക്ഷികളെക്കുറിച്ചാദ്യം പറയാം.


1. ഓലേഞ്ഞാലി -(Indian Treepie)


ദേഹത്തിന്‌ മൈനയോളം വലിപ്പം, വാല്‍ നീണ്ടത്‌; തല, കഴുത്ത്‌, മാറിടം ഇവ കറുപ്പ്‌. ദേഹം ആകെപ്പാടെ തവിട്ടു നിറം.ഓലേഞ്ഞാലിയെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. നാട്ടിന്‍പുറങ്ങളില്‍ സുലഭം. പുക്രീന്‍...എന്ന ശബ്ദത്തോടെ മരങ്ങള്‍ക്കിടയില്‍ ഇവയെ കാണാം. ആയതിനാല്‍ വേറൊരു പേര്‌ പൂക്കുറുഞ്ഞി. തെങ്ങിന്റെ ഓലകള്‍ക്കിടയിലുള്ള പുഴുക്കളും, കീടങ്ങളുമാണ്‌ ഇഷ്ടന്റെ പ്രധാന ഭക്ഷണങ്ങളിലൊന്ന്‌. ഓലയില്‍ കൊക്കുകൊണ്ട്‌ ഉരസിക്കൊണ്ട്‌ പക്ഷി ഊര്‍ന്നിറങ്ങും. അതിനാലാകാം ഓലേഞ്ഞാലി എന്ന പേര്‍ വന്നത്‌. നിലത്തിറങ്ങി കാണാറില്ല. എങ്കിലും ഒരിക്കല്‍ ഭക്ഷണത്തിന്റെ ഇലകള്‍ കൂട്ടിയിടുന്ന കുപ്പക്കരികെ നിലത്തിരുന്ന് ചോറു തിന്നുന്ന ഓലേഞ്ഞാലിയെ ഞാന്‍ കണ്ടിട്ടുണ്ട്‌.ഓലേഞ്ഞാലികള്‍ എപ്പോഴും ഇണയോടൊപ്പമാണ്‌ നടക്കുക. ശബ്ദാവലികള്‍ ഏറെയുണ്ടെങ്കിലും പുക്രീന്‍ എന്ന നീട്ടിയുള്ള ശബ്ദമാണ്‌ കൂടുതല്‍ പരിചിതമായത്‌.തരം കിട്ടിയാല്‍ മറ്റുപക്ഷികളുടെ മുട്ടകളെയും കുന്‍ഞ്ഞുങ്ങളെയും അപഹരിക്കുന്ന സ്വഭാവമുണ്ട്‌ ഓലേഞ്ഞാലിക്ക്‌. ബുള്‍ബുള്‍, തുന്നാരന്‍ തുടങ്ങിയ ചെറുപക്ഷികള്‍ പലപ്പോഴും ശത്രുഭയത്താല്‍ ഓലേഞ്ഞാലിയുടെ കൂടിനരികെ വന്ന് കൂടുകെട്ടാറുണ്ട്‌. കാക്ക, പരുന്ത്‌ തുടങ്ങിയ വലിയ ശത്രുക്കളെ കൂട്ടമായി നേരിടാന്‍ വേണ്ടിയാണിത്‌. എന്നാല്‍ ഓലേഞ്ഞാലിയുടെ കൂട്ടില്‍ മുട്ടകള്‍വിരിഞ്ഞാല്‍ ഉടനെ പക്ഷി തൊട്ടടുത്തുള്ള കൂടുകള്‍ അപഹരിക്കാനെത്തും. ഒരുതരം വിശ്വാസവഞ്ചന.ഞാന്‍ നിരീക്ഷിച്ചു വന്ന രണ്ടു തുന്നാരന്റെ കൂടുകളും, ഒരു സൂചിമുഖിയുടെ കൂടും ഇതുപോലെ ഓലേഞ്ഞാലിയുടെ സാമര്‍ത്ഥ്യത്തിനിരയായിട്ടുണ്ട്‌.മാര്‍ച്ചു മുതല്‍ ജൂണ്‍ വരെയാണ്‌ പ്രധാന പ്രജനന കാലം. കാക്കക്കൂടുപോലെ തന്നെയാണ്‌ കൂട്‌. ചുള്ളികളും, നാരുകളും കൊണ്ട്‌ വട്ടത്തില്‍. ഉയരമുള്ള മരങ്ങളുടെ ഇലകള്‍ക്കിടയിലാണ്‌ സാധാരണ കൂടുകെട്ടാറ്‌. കൂടു കെട്ടുന്ന കാലത്ത്‌ പക്ഷി നിശബ്ദമായി നടക്കുന്നതിനാല്‍ കൂടു കണ്ടെത്തുക വിഷമമാണ്‌. ഞാന്‍ ഒരിക്കല്‍ കണ്ട കൂട്‌ പറമ്പിലെ പനയിലായിരുന്നു. നല്ലപോലെ മറഞ്ഞായിരുന്നു കൂട്‌. കൂടിനരികെ കാക്ക തുടങ്ങിയ പക്ഷികള്‍ വന്നാല്‍ ഓലേഞ്ഞാലികള്‍ കൊത്തിയാട്ടുന്നത്‌ കാണാം. കാക്കയാണ്‌ പ്രധാന ശത്രു. ഇങ്ങനെ കാക്കകളെ വല്ലാതെ കൊത്തി വേട്ടയാടുന്നത്‌ കണ്ടാല്‍ അടുത്തെവിടെയെങ്കിലും ഇഷ്ടന്റെ കൂടുണ്ടെന്ന് മനസ്സിലാക്കാം.എന്തായാലും സ്വഭാവ സവിശേഷത കൊണ്ടും, വാചാലത കൊണ്ടും നാട്ടുകാരുടെ ശ്രദ്ധയാകര്‍ഷിച്ച ഒരു പക്ഷിയാണ്‌ ഓലേഞ്ഞാലിയെന്നത്‌ അതിന്റെ മലയാളിത്തമുള്ള പേരില്‍ നിന്നു തന്നെ മനസ്സിലാക്കാം.




2. ചെമ്പോത്ത്‌ ( )


കാക്കയോളം വലിപ്പം; ചുമന്ന കണ്ണുകള്‍. ചെമ്പിച്ച ചിറകുകള്‍, ബാക്കി ഭാഗമെല്ലാം കറുപ്പ്‌. ഗൂബ്‌-ഗൂബ്‌.. എന്ന് മുഴക്കത്തിലുള്ള ശബ്ദം.പോത്തിന്റെ നിറമുള്ളം ദേഹവും ചെമ്പിന്റെ നിറമുള്ള ചിറകുകളും ഉള്ളതിനാലാവാം 'കെമ്പോത്ത്‌'എന്ന പേര്‍ വന്നത്‌.ഉഷാറല്‍പ്പം കുറഞ്ഞ പക്ഷിയാണിത്‌. സദാ വേലിക്കരികിലും പൊന്തകള്‍ക്കിടയിലും, നിലത്തു നടന്നും മറ്റുമാണ്‌ ഇരതേടല്‍. ഉയരത്തിലേക്ക്‌ പറക്കാനൊക്കെ മടിയാണ്‌.ഓലേഞ്ഞാലിയുടെതുപോലെ കശ്മല സ്വഭാവം ചെമ്പോത്തിനുമുണ്ട്‌. പറമ്പിക്കുളത്തെ ഒരു വൈല്‍ഡ്‌ ഓഫീസര്‍ എഴുതിയ ലേഖനം ഈയവസരത്തില്‍ ഓര്‍മ്മ വരുന്നു. അദ്ദേഹം മരമുകളില്‍ കയറി പൊത്തില്‍ കൂടുകെട്ടിയ പക്ഷികളുടെ കൂടിന്റെയും, മുട്ടകളുടെയും മറ്റും അളവുകളും മറ്റും എടുക്കുകയായിരുന്നു. ഒരു സര്‍വെയുടെ ഭാഗമായി. അങ്ങനെ രണ്ടു മൂന്ന് മരങ്ങളില്‍ കയറിയ ശേഷമാണ്‌ അദ്ദേഹത്തിന്‌ ഒരു കാര്യം ബോദ്ധ്യമായത്‌. ഒരു ചെമ്പോത്ത്‌ അദ്ദേഹത്തെ പിന്തുടരുന്നു. കൂടില്‍ നിന്ന് അളവെടുത്ത്‌ ഓഫീസര്‍ ഇറങ്ങിയാല്‍ ഉടന്‍ ചെമ്പോത്ത്‌ പൊത്തിലെത്തി മുട്ടകള്‍ ശാപ്പിടും. കൂടു കണ്ടെത്തുന്ന ജോലി വേണ്ടല്ലോ, അത്‌ ഓഫീസര്‍ നിര്‍വഹിക്കുന്നുണ്ടല്ലോ? പാമ്പുകളെയും, ചേരയേയും മറ്റും ചെമ്പോത്തുകള്‍ പിടികൂടാറുണ്ട്‌. വീടിനരികെ സ്ഥിരമായി കണ്ടിരുന്ന ഒരു ചേരയെ ഇങ്ങനെ ചെമ്പോത്തു പിടികൂടിയത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌.മഴക്കാലത്താണ്‌ പ്രധാന പ്രജനനം. തെങ്ങിന്റെ ഓലകൊണ്ട്‌ അണ്ഡാകൃതിയിലുള്ള പന്തുപോലെയാണ്‌ കൂട്‌. തെങ്ങിന്റെ നെറുകയിലാണ്‌ സാധാരണ കൂട്‌ കെട്ടാറ്‌. കണ്ടാല്‍ ചപ്പില വന്നടിഞ്ഞതാണെന്ന് തോന്നും. മിക്കപ്പോഴും ഇണയോടൊപ്പം നടക്കാന്‍ ഇഷ്ടപ്പെടുന്ന പക്ഷിയാണ്‌ ചെമ്പോത്ത്‌. നടക്കനും മറ്റും മടിയാണെങ്കിലും, സൂത്രത്തിലും സൂത്രത്തിലും, ബുദ്ധിയിലും ചെമ്പോത്ത്‌ മുന്നില്‍ തന്നെയാണ്‌.പക്ഷികള്‍ക്കിടയിലെ കശ്മലന്മാരെ പറ്റി പറഞ്ഞുവല്ലോ. ഇനി പക്ഷിലോകത്തു തന്നെ ഒരു പ്രധാന കാവല്‍ക്കാരായ പക്ഷികള്‍ ഉണ്ട്‌. നമ്മള്‍ പൂത്താങ്കിരി, ചാണകക്കിളി, ചപ്പിലക്കിളി എന്നെല്ലാം വിളിക്കുന്ന ചിലപ്പന്‍ വര്‍ഗ്ഗക്കാര്‍. ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകത്തില്‍ ഇതിന്റെ പേര്‍ പൂത്താങ്കിരിയെന്നാണെങ്കിലും, സദാ സമയം ചപ്പിലകള്‍ക്കിടയില്‍ കാണാവുന്നതിനാലും, ചപ്പിലയുടെ നിറമായതിനാലും ചപ്പിലക്കിളി ( )എന്ന പേരാണതിന്‌ ഉചിതം എന്നെനിക്കു തോന്നുന്നു. മാടത്തയോളം വലിപ്പം. ആകെപ്പാടെ തവിട്ടു നിറം. തലയുടെ മുകള്‍ ഭാഗം വെള്ള. മിക്കപ്പോഴും കൂട്ടങ്ങളായി കാണാം. ഈ പക്ഷികളുടെ പ്രധാന സവിശേഷത എപ്പോഴും ഏഴും എട്ടും എണ്ണം ചേര്‍ന്ന ഗ്രൂപ്പായാണ്‌ നടക്കുന്നതും ജീവിക്കുന്നതും എന്നതാണ്‌. അതിനാല്‍ ഈ പക്ഷികളെ ഇംഗ്ലീഷില്‍ 'സെവന്‍ സിസ്റ്റേഴ്സ്‌' എന്നും ഹിന്ദിയില്‍ 'സാത്‌ ഭായി' എന്നും വിളിക്കാറുണ്ട്‌.വളരെപ്പേരുടെ നിരീക്ഷണത്തിന്‌ വിധേയമായിട്ടുള്ള പക്ഷിയാണിത്‌. പ്രധാന ആകര്‍ഷണം പക്ഷികള്‍ തമ്മിലുള്ള ഐക്യം തന്നെ. ഒരു ഗ്രൂപ്പില്‍പ്പെട്ട ചപ്പിലക്കിളികളില്‍ ഒരിണ മാത്രമേ ഒരു സമയത്ത്‌ കൂടു കെട്ടുകയുള്ളു. അവയെ സഹായിക്കാന്‍ മറ്റുള്ളവ വരും. ഒരിക്കല്‍ ഒരു കൂട്ടിലെ കുഞ്ഞുങ്ങളെ പോറ്റാന്‍ നാലു പക്ഷികള്‍ ക്യൂ നില്‍ക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌(1996- ജൂണ്‍ 18നായിരുന്നു അത്‌). കായബലം കുറവാണെങ്കിലും മനോധൈര്യം വേണ്ടുവോളമുള്ളവരാണ്‌ ഇക്കൂട്ടര്‍. പക്ഷിലോകത്തിനാകെ കാവല്‍ക്കാരാണിവര്‍. ശത്രുവിനെ കണ്ടാല്‍ ചപ്പിലക്കിളികളുടെ കൂട്ടങ്ങള്‍ ഉറക്കെ കലപില കൂടിക്കൊണ്ട്‌ മറ്റു ജാതി പക്ഷികള്‍ക്കു കൂടു സിഗ്നല്‍ കൊടുക്കും. അതുകൊണ്ടാണെന്നു തോന്നുന്നു, നിലത്ത്‌ ഇര തേടുന്ന ഈ പക്ഷികളുടെ കൂടെ പലപ്പോഴും അണ്ണാറക്കണ്ണന്മാരെയും കാണാം. പാമ്പ്‌, കൂമന്‍, കാക്ക, പരുന്ത്‌, പൂച്ച തുടങ്ങിയവയെല്ലാം ചപ്പിലക്കിളികളുടെ ശത്രുലിസ്റ്റില്‍ പെടുന്നവരാണ്‌. ചപ്പിലക്കിലികളുടെ കൂട്ടങ്ങള്‍ പലപ്പോഴും മരക്കൊമ്പിലും, മോന്തായങ്ങളിലും ഇരുന്നു വിശ്രമിക്കുന്നത്‌ കാണാം. അങ്ങനെ ഇരിക്കുമ്പോള്‍ ഇവറ്റകളുടെ പ്രധാന ജോലി പരസ്പരം പൂട ചീകി വൃത്തിയാക്കലാണ്‌- കൊക്കുകള്‍ കൊണ്ട്‌. മഴക്കാലങ്ങളിലെല്ലാം ഈ കാഴ്ച പലപ്പോഴും കാണാം. കൂടുകെട്ടാന്‍ പ്രത്യേക കാലമില്ല. ചുള്ളികള്‍, നാരുകള്‍, വേരുകള്‍ എന്നിവ കൊണ്ട്‌ കോപ്പ പോലെയാണ്‌ കൂട്‌. ഞാന്‍ പലപ്പോഴും കണ്ട കൂടുകള്‍ തേക്കിലായിരുന്നു. കൂടിന്‌ ഭംഗിയില്ലെങ്കിലും നീലനിറത്തിലുള്ള മുട്ടകള്‍ കാണാന്‍ നല്ല ഭംഗിയാണ്‌. ചപ്പിലക്കിളികളുടെ ഐക്യവും, സാമര്‍ത്ഥ്യവുമെല്ലാം നമ്മള്‍ മനുഷ്യര്‍ക്കുകൂടി നല്ല ഒരു പാഠമാണ്‌


Monday, February 4, 2008

മൈന


കാക്കകളെപ്പോലെത്തന്നെ മനുഷ്യരുമായി ഇടപഴകാന്‍ മടിയില്ലാത്ത ഒരു പക്ഷിയാണ്‌ മൈന, അഥവ മാടത്ത। കേരളത്തില്‍ നാട്ടു മൈന, കിന്നരി മൈന തുടങ്ങി മൈന ജാതിക്കാര്‍ പലവിധമുണ്ടെങ്കിലും സാധാരണക്കാര്‍ക്ക്‌ കൂടുതല്‍ പരിചിതമായത്‌ നാലു ജാതി മൈനകളെക്കുറിച്ചാണിവിടെ പറയുന്നത്‌।
നാട്ടുമൈന(Common Myna)

ദേഹം ഒട്ടേറെ വിളര്‍ത്ത ചോക്ലേറ്റ്‌ നിറം। തല, കഴുത്ത്‌, മാറിടം, വാല്‍ എന്നിവ കറുപ്പ്‌। കൊക്ക്‌, കാല്‍ എന്നിവ മഞ്ഞ। അടിവയര്‍ വെള്ള. കൊക്കില്‍ നിന്നും തുടങ്ങി കവിളില്‍ കൂടി പോകുന്ന മഞ്ഞനഗ്ന ചര്‍മ്മം ഒരു പ്രധാനലക്ഷണം.
നാട്ടിന്‍പുറങ്ങളിലും, പട്ടണങ്ങളിലും കൂടുതല്‍ കാണുന്ന മൈന ജാതിയാണിത്‌.



കിന്നരി മൈന(Jungle Myna)

കാഴ്ചക്ക്‌ നാട്ടുമൈനയോട്‌ വളരെ സാദൃശ്യം. എന്നാല്‍ കണ്ണിനു ചുറ്റുമുള്ള മഞ്ഞ നഗ്ന ചര്‍മ്മമില്ല. നെറ്റിയില്‍ ചെറിയൊരു ശിഖ പൊന്തിനില്‍ക്കുന്നത്‌ പ്രധാനലക്ഷണം. കാക്കയെപ്പോലെത്തന്നെ എന്തും തിന്നു ജീവിക്കാന്‍ സാധിക്കുന്ന ഈ രണ്ടു മൈനജാതിക്കാരുടെയും പ്രധാന ഭക്ഷണങ്ങള്‍ പുഴുക്കള്‍, കൃമികള്‍, പുല്‍പ്പോന്ത്‌ എന്നിവയാണ്‌. നിലത്തിറങ്ങി പതുക്കെ നടന്നാണ്‌ ആഹാരസമ്പാദനം. ഒരേ സ്ഥലത്തു തന്നെ ഇരുപതും മുപ്പതും മൈനകളെക്കാണാമെങ്കിലും ഈ ചെറുകൂട്ടങ്ങള്‍ കുറെ ഇണകളോ, കുടുംബങ്ങളോ ചേര്‍ന്നുണ്ടാകുന്നതാണ്‌. മഹാവാചാലന്മാരാണ്‌ മൈനകള്‍. അവയ്ക്ക്‌ പലതരം ശബ്ദങ്ങള്‍ ഉണ്ട്‌. ക്ലീ കീ - കോര്‍, ഷ്ക്കോ॥ തുടങ്ങി. ഉച്ച സമയങ്ങളില്‍ മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും ഇത്തരം ശബ്ദാവലികള്‍ പതിവാണ്‌. മൈനകളുടെ പ്രധാന പ്രജനന കാലം വേനല്‍ക്കാലങ്ങളില്‍(ജനുവരി മുതല്‍ മെയ്‌ വരെ) ആണ്‌. സാധാരണയായി മരപ്പൊത്തുകളിലോ, ചുമരുകളിലെ മാളങ്ങളിലോ ആണ്‌ കൂടു കെട്ടുന്നത്‌. എന്റെ കുട്ടിക്കാലത്ത്‌ തറവാടിന്റെ പത്തായപ്പുരയിലെ ചുമരില്‍ ഇത്തരം നാട്ടുമൈനയുടെ കൂടുകള്‍ ഞാന്‍ ധാരാളം കണ്ടിട്ടുണ്ട്‌. തുണിക്കഷ്ണങ്ങളും നാരുകളും കൊണ്ടുണ്ടാക്കിയ കൂട്ടില്‍ സിഗററ്റിന്റെ സെലോഫോയില്‍ കടലാസ്‌ ഒരു പ്രധാനഘടകമാണ്‌. മൈനകള്‍ക്ക്‌ മധുപാനം വളരെ പഥ്യമാണ്‌. പൂള, മുരിക്ക്‌ തുടങ്ങിയ മരങ്ങള്‍ പൂത്തു നില്‍ക്കുമ്പോള്‍ ആ മരങ്ങളില്‍ കുറെ മൈനകളെ കാണാം. അതുപോലെ തന്നെ പുളിയുറുമ്പുകളെപ്പിടിച്ച്‌ ചിറകിനടിയില്‍ വെക്കുന്ന ഒരു സ്വഭാവം(Aunting) മൈനകള്‍ക്കുണ്ട്‌. ഉറുമ്പുകള്‍ അപ്പോള്‍ പുറപ്പെടുവിക്കുന്ന ആസിഡ്‌ ദേഹത്താവുക വഴി ലഭിക്കുന്ന ലഹരിക്കു വേണ്ടിയാണിത്‌. പാടങ്ങളില്‍ മേയുന്ന കാലിക്കൂട്ടങ്ങള്‍ക്കു ചുറ്റും മൈനകളെ കാണാം. കാലികളുടെ കാലിനടിയില്‍ നിന്നും രക്ഷപ്പെടുന്ന ചെറു ജീവികളെപ്പിടിക്കാനാണിത്‌.

നാട്ടിന്‍പുറങ്ങളിലും പട്ടണങ്ങളിലും കൂടുതല്‍ കാണുന്ന രണ്ടുജാതി മൈനകളെക്കുറിച്ച്‌ പറഞ്ഞുവല്ലോ. ഇവിടങ്ങളില്‍ തന്നെ അത്ര സ്ഥിരപരിചിതമല്ലാത്ത ഒരു തരം മൈനയാണ്‌ കരിന്തലച്ചിക്കാളി(Black Headed Brahmany Myna).


പേരുപോലെ തന്നെ തലയില്‍ കറുത്ത തൊപ്പി പോലെ നീണ്ട രോമാവലി ഇതിന്റെ പ്രധാനലക്ഷണം. പക്ഷിക്ക്‌ ഉന്മേഷം വരുമ്പോഴും കാറ്റത്തും തലയില്‍ ഈ രോമങ്ങള്‍ എടുത്തു നില്‍ക്കും. ദേഹം ആകെപ്പാടെ ചെമ്മണ്ണിന്റെ നിറം. കുറ്റിക്കാടുകളില്‍ പാര്‍ക്കാന്‍ കൂടുതല്‍ ഇഷ്ടമുള്ള പക്ഷിയാണിത്‌. മനുഷ്യരുമായി അത്ര ഇടപഴകാന്‍ ഇഷ്ടനു താല്‍പ്പര്യമില്ല. അതിനാല്‍ പട്ടണങ്ങളില്‍ ഈ ജാതി മൈനകള്‍ കുറവാണ്‌. എങ്കിലും എന്തുകൊണ്ടോ മദിരാശി പട്ടണത്തില്‍ ഇവ ധാരാളമുണ്ട്‌. കൂടുകെട്ടല്‍ നാട്ടുമൈനയെപ്പോലെത്തന്നെ. എന്റെ നാടായ പട്ടാമ്പിയിലെ പാടങ്ങള്‍ക്കു ചുറ്റുമുള്ള കുറ്റിക്കാടുകളില്‍ നാലഞ്ചു വര്‍ഷം മുമ്പു വരെ കരിന്തലച്ചിക്കാളികളൂടെ ചെറുകൂട്ടങ്ങള്‍ നിത്യക്കാഴ്ചയായിരുന്നു. പ്രത്യേകിച്ചും വൈകുന്നേരങ്ങളില്‍. എന്നാല്‍ ഇന്നവിടങ്ങളില്‍ ധാരാളം കെട്ടിടങ്ങളും വീടുകളും വന്നതിനാല്‍ ഈ പക്ഷി അപ്രത്യക്ഷമായി എന്നു തന്നെ പറയാം.

മനുഷ്യരുടെ കടന്നു കയറ്റം ചില ജാതി പക്ഷികളുടെ നിലനില്‍പ്പിനു തന്നെ ദോഷകരമാവുന്നു. മനുഷ്യശബ്ദങ്ങളെ അനുകരിച്ച്‌ സംസാരിക്കുന്നതില്‍ ലോകപ്രശസ്തിനേടിയ ഒരിനം മൈനയാണ്‌ കാട്ടുമൈന(Indian Hill Myna).



പ്രഥമവീക്ഷണത്തില്‍ നാട്ടുമൈനയെപ്പോലെയെങ്കിലും ദേഹത്തിന്‌ നാട്ടുമൈനയെക്കാള്‍ വണ്ണമുണ്ട്‌. ദേഹം പച്ച, നീല, ഊത നിറങ്ങള്‍ ഒളിന്‍ഞ്ഞു കിടക്കുന്ന ഒരുതരം കറുപ്പാണ്‌. കണ്ണിനു താഴെയും പിടലിയിലുമുള്ള മഞ്ഞ നഗ്ന ചര്‍മ്മം ഒരു പ്രധാന ലക്ഷണമാണ്‌. വന്‍ കാടുകളില്‍ വസിക്കാന്‍ കൂടുതല്‍ ഇഷ്ടമുള്ള പക്ഷിയാണിത്‌. ശബരിമലയില്‍ പോയപ്പോള്‍ രണ്ടുമൂന്നു തവണ ഞാനീ പക്ഷിയെ കണ്ടിട്ടുണ്ട്‌.

Tuesday, January 29, 2008

കാക്ക

കേരളത്തിലെ പക്ഷികളെക്കുറിച്ച്‌ പറഞ്ഞു തുടങ്ങുമ്പോള്‍ ശൈശവത്തില്‍ നാം പക്ഷിയെന്നാദ്യം തിരിച്ചറിയുന്ന കാക്കയെക്കുറിച്ചാണാദ്യം പരാമര്‍ശിക്കേണ്ടത്‌.

കേരളത്തില്‍ രണ്ടു തരം കാക്കകളാണുള്ളത്‌. 1) ബലിക്കാക്ക 2) കാവതിക്കാക്ക.

1।ബലിക്കാക്ക(Jungle Crow) - ദേഹമാസകലം തിളക്കമുള്ള കറുപ്പ്‌. എങ്ങും ചാരനിറമില്ല. കാവതിക്കാക്കയേക്കാള്‍ വലിപ്പം കൂടും.



2। കാവതിക്കാക്ക(House Crow) - തലയും, കഴുത്തും ചാരനിറം। മറ്റു ഭാഗങ്ങള്‍ കറുപ്പ്‌।




ബലിക്കാക്കയും, കാവതിക്കാക്കയും സമൂഹജീവികളാണ്‌. ഇവയുടെ സ്വഭാവത്തില്‍ വലിയ വ്യതാസമില്ല. മിക്ക സമയത്തും ഇവയെ കൂട്ടങ്ങളായാണ്‌ കാണുക. ഒരു കൂട്ടത്തില്‍ തന്നെ രണ്ടു ജാതികളെയും കാണം.

കാക്കയുടെ ബുദ്ധിശക്തിയെക്കുറിച്ചും, ഓര്‍മ്മ ശക്തിയെക്കുറിച്ചും പ്രത്യേകം പറയേണ്ടതില്ല. കൊച്ചു കുട്ടിയുടെ കൈയില്‍ നിന്ന് നിര്‍ഭയത്തോടെ ആഹാരം കൊത്തിപ്പറിക്കാനും, കൃത്യമായി ഭക്ഷണം തരുന്നവരെ ഓര്‍ത്തുവയ്ക്കാനും, ആക്രമിക്കുന്നവരെ ജീവിതകാലം മുഴുവന്‍ പകയോടെ ആക്രമിക്കാനും കാക്കക്കു കഴിയും. ഞാനിപ്പോള്‍ താമസിക്കുന്ന മുംബയിലെ ഹോസ്റ്റലിലെ പാചകക്കാരന്‍ ദിവസവും രാവിലെ 8 മണിയോടു കൂടി 2 കാക്കകള്‍ക്ക്‌ ഭക്ഷണം നല്‍കാറുണ്ട്‌. എന്നും കൃത്യസമയത്തു തന്നെ കാക്കകള്‍ എത്താറുണ്ട്‌. വൈകിയാല്‍ കാ, കാ എന്ന് കരഞ്ഞ്‌ കൊണ്ട്‌ കക്ഷിയുടെ മുണ്ടില്‍ പിടിച്ചു കൊത്തി വലിക്കാറുമുണ്ട്‌. അതുപോലെ കാക്കക്കൂട്‌ നശിപ്പിച്ചതു വഴി ജീവിതകാലം മുഴുവന്‍ കാക്കയുടെ പക ഏല്‍ക്കേണ്ടിവന്നവരെപ്പറ്റിയും മാധ്യമങ്ങളില്‍ നമ്മള്‍ വായിക്കാറുണ്ട്‌.

ചത്ത ജന്തുക്കളെ തിന്നുന്നതു വഴി കാക്കകള്‍ പരിസരശുചീകരണത്തില്‍ വലിയ പങ്കാണ്‌ വഹിക്കുന്നത്‌.

എട്ടും പത്തും മെയില്‍ ദൂരത്തുള്ള കാക്കകള്‍ എല്ലാം ചേക്കിരിക്കുന്നത്‌ ഒരു മരക്കൂട്ടത്തിലായിരിക്കും. ചേക്കിരിക്കാനുള്ള സ്ഥലം തീരുമാനിക്കുന്ന കാക്കകളുടെ സമൂഹചര്‍ച്ചകള്‍ എങ്ങും വൈകുന്നേരങ്ങളില്‍ പതിവു കാഴ്ചകളാണ്‌.

പാടത്തെല്ലാം ഇങ്ങനെ കുറേ കാക്കകള്‍ നിലത്തിരുന്ന് ബഹളം കൂടുന്നത്‌ കാണാം. യോഗത്തില്‍ എല്ലാവരും സംസാരിക്കുന്നതിനാലാണിത്‌. ഒടുവില്‍ പെട്ടെന്ന് തീരുമനമെടുത്ത്‌ വെടിപൊട്ടിയപോലെ എല്ലാം പ്രസ്തുത സ്ഥലത്തേക്ക്‌ പറക്കും. രാവിലെ നേരം പുലര്‍ന്ന് പലവഴിക്കായി പിരിയും. ചിലവ, വീടുകളെ ശരണം പ്രാപിക്കും. ചിലവ മീന്‍ കാരന്റെ കൂടെ കൂടും. ചിലവ കല്യാണമണ്ഡപം, ഹോട്ടലുകള്‍ എന്നിവയേയും.

കൂടുതല്‍ ഭക്ഷണം കണ്ടെത്തിയാല്‍ കരഞ്ഞ്‌ കൂട്ടുകാരെ കൂടി കൂട്ടി, സ്നേഹബന്ധത്തിന്റെ വിലകൂടി അവ നമ്മള്‍ മനുഷ്യര്‍ക്ക്‌ കാട്ടിത്തരും.
കാക്കകളെക്കുറിച്ച്‌ അന്ധവിശ്വാസങ്ങളും, പഴഞ്ചൊല്ലുകളും എല്ലാം ധാരാളം ഉണ്ട്‌. മരിച്ചവര്‍ കാക്കകളായി വരുന്നുവെന്നത്‌ ഒന്ന്. കാക്ക വിളിച്ചാല്‍ വിരുന്നു വരും എന്ന വിശ്വാസം വേറൊന്ന്. കാക്ക കുളിച്ചാല്‍ കൊക്കാകുമോ തുടങ്ങിയ പഴചൊല്ലുകള്‍ വേറെയും.

ആഹാരം തേടുന്നതും ചേക്കിരിക്കുന്നതുമെല്ലാം കൂട്ടമായിട്ടാണെങ്കിലും, കൂടു കെട്ടുന്ന കാലത്ത്‌ കാക്കകള്‍ വേര്‍പിരിഞ്ഞ്‌ വ്യക്തിത്വം പാലിക്കുന്നു. ഒരിണ കൂടു കെട്ടുന്ന നിശ്ചിത അതിര്‍ത്തിക്കുള്ളില്‍ മറ്റു കാക്കകള്‍ വരുന്നത്‌ അവയ്ക്കിഷ്ടമല്ല. കേരളത്തില്‍ നല്ല മഴക്കാലമൊഴിച്ചാല്‍ മേറ്റ്ല്ലാ കാലങ്ങളിലും കാക്കകള്‍ കൂടു കെട്ടുമെങ്കിലും പ്രധാന പ്രജനന കാലം ഡിസംബര്‍-ജൂണ്‍ ആണ്‌.

പ്ലാവ്‌, മാറ്റ്‌, പന തുടങ്ങിയ മരങ്ങളില്‍ ചുള്ളികളും മറ്റും കൊണ്ട്‌ പരന്ന പാത്രം പോലെ കൂടുണ്ടാക്കുന്നു. മുട്ടയിടുന്ന ഭാഗത്ത്‌ നാര്‌, കീറത്തുണി എന്നിവ കൊണ്ട്‌ മെത്തയും ഒരുക്കിയിരിക്കും. സാധാരണ ഇളം നീല നിറത്തില്‍ പുള്ളികളോടുകൂടിയ മുട്ടയാണിടാറ്‌. ഇണകളില്‍ ഒരു പക്ഷി അടയിരിക്കുമ്പോള്‍ മറ്റേത്‌ ശത്രുവീക്ഷണത്തിലായിരിക്കും.

മരങ്ങളില്ലാത്ത സ്ഥലത്ത്‌ ഇലക്ട്രിക്‌ പോസ്റ്റിലും, ചുള്ളി കിട്ടാത്തിടത്ത്‌ കമ്പികള്‍ കൊണ്ടും കാക്ക കൂടു കെട്ടും. കൂടാതെ കാക്കയുടെ ബുദ്ധിശക്തിയെക്കുര്‍ച്ച്‌ ശാസ്ത്രജ്ഞന്മാര്‍ കൂടുതല്‍ പഠിച്ചുവരുന്നുണ്ട്‌.

തുടരും...

Friday, December 21, 2007

തൂവല്‍പ്പാടുകള്‍







ഇവിടെയുണ്ടു ഞാനെന്നറിയിക്കുവാന്‍
മധുരമാമൊരു കൂവല്‍ മാത്രം മതി

ഇവിടെയുണ്ടായിരുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍ താഴെയിട്ടാല്‍ മതി.

ഇനിയുമുണ്ടാകുമെന്നതിന്‍ സാക്ഷ്യമായ്
അടയിരുന്നതിന്‍ ചൂടുമാത്രം മതി.

ഇതിലുമേറെ ലളിതമായ് എങ്ങനെ
കിളികളാവിഷ്കരിക്കുന്നു ജീവനെ?

"ലളിതം", ശ്രീ പി. പി. രാമചന്ദ്രന്‍

.....കിളികളുടെ ജീവിതത്തിലേക്ക്, പക്ഷികളുടെ വര്‍ണ്ണക്കാഴ്ചകളിലേക്ക്,സ്വരഭേദങ്ങളിലേക്ക്, ശ്രദ്ധ ക്ഷണിക്കുന്നൊരു പരമ്പര ഇവിടെ തുടങ്ങുന്നു...


ആന, കടല്‍, ആകാശം ഇവയൊന്നും എത്ര കണ്ടാലും മതിവരില്ല എന്ന് പഴമൊഴി അന്വര്‍ത്ഥമത്ര.

ആകാശവും ആകാശത്തിന്റെ മക്കളായ പക്ഷികളും എന്നും മനുഷ്യന്റെ കുതൂഹലം പിടിച്ചു പറ്റിയിട്ടുണ്ട്.

അമ്മക്കു ശേഷം അവന്റെ ആദ്യക്ഷരം കൗതുകവും നമ്മുടെ മുറ്റത്തു കാണുന്ന കാക്കയാണ്...

കിളികളുടെ ശബ്ദം സംഗീതമാണ്...

ബാല്യത്തിന്റെ അത്ഭുതങ്ങളില്‍ ഇരട്ടിക്കുന്ന മയില്‍പ്പീലികളുണ്ട്. കൗതുകക്കാഴ്ചകളില്‍ തൂവലുകളുടെ ഭംഗിയും മൃദുസ്പര്‍ശവുമുണ്ട്...

പക്ഷികളുടെ ലോകത്തിലേക്ക്...

വൈവിദ്ധ്യം നിറഞ്ഞതാണ്‌ പക്ഷികളുടെ ലോകം. നാം നിത്യം കാണുന്ന പക്ഷികള്‍ ഏതെല്ലാമാണ്‌, അവയെ എല്ലാകാലത്തും കാണുന്നുണ്ടോ, അതോ ചില നിശ്ചിതകാലത്ത്‌ മാത്രമേ കാണുന്നുള്ളൂ, അവയുടെ ചേഷ്ടകള്‍ എന്തെല്ലാമാണ്‌, കൂടുകെട്ടുന്നുണ്ടെങ്കില്‍ എവിടെ, എപ്പോള്‍, എങ്ങിനെ, കൂടുകെട്ടലില്‍ പൂവന്‍-പിടയുടെ പങ്ക്‌ തുടങ്ങിയവക്കുള്ള ഉത്തരം കണ്ടെത്തലാണ്‌ പക്ഷിനിരീക്ഷണം. ഇതൊരു ഹോബിയേക്കാളുപരി, ഗവേഷണ വിഷയം കൂടിയാണ്‌. പക്ഷികളെക്കുറിച്ച്‌ ഇനിയും ഏറെ കണ്ടുപിടിക്കാനുണ്ട്‌. എല്ലാവര്‍ക്കും കണ്ടുപിടുത്തങ്ങള്‍ നടത്താനാവില്ലെങ്കിലും, കൊച്ചു കൊച്ചറിവുകളാണ്‌ വലിയ വിവരങ്ങളായി മാറുന്നത്‌.

സ്റ്റാമ്പുശേഖരണം, നാണയശേഖരണം, തുടങ്ങി ഒട്ടനവധി ഹോബികള്‍ ഇന്ന് നിലവിലുണ്ട്‌. എന്നാല്‍ അവയെല്ലാം തന്നെ ഒരു പ്രായം കഴിഞ്ഞാല്‍ പലരും ഉപേക്ഷിക്കുകയാണ്‌ പതിവ്‌. എന്നാല്‍ പക്ഷിനിരീക്ഷണത്തില്‍ പ്രായഭേദമില്ല, സമയപരിധിയില്ല. എപ്പോള്‍ വേണമെങ്കിലും നടത്താവുന്നതാണ്‌. സ്റ്റാമ്പു ശേഖരണം പോലുള്ളവ മനുഷ്യനെ മുറിക്കുള്ളില്‍ തന്നെ അടഞ്ഞിരിക്കാന്‍ പ്രേരിപ്പിക്കുമെങ്കില്‍, പക്ഷിനിരീക്ഷണം നമ്മെ ശുദ്ധവായുവുള്ള തുറസ്സായ സ്ഥലത്തേക്കാനയിക്കുന്നു. അതുവഴി മാനസിക, ശാരീരികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. പക്ഷി നിരീക്ഷണം പ്രകൃതിസ്നേഹം കൂടി വര്‍ദ്ധിപ്പിക്കുന്നു.

പക്ഷികളുടെ പേരുകള്‍ പഠിക്കലാണ്‌ പക്ഷി നിരീക്ഷണത്തിന്റെ ആദ്യ പടി. മലയാളം പേരുകള്‍ക്കൊപ്പം ഇംഗ്ലീഷ്‌ പേരുകള്‍ കൂടി പഠിക്കേണ്ടതുണ്ട്‌. കാരണം, അവ പൊതുവയതാണ്‌. മലയാളപേരുകള്‍ക്ക്‌ ദേശവല്‍കൃതമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്‌. പക്ഷിനിരീക്ഷണത്തില്‍ അറിവുള്ള ആളില്‍ നിന്നോ, 'കേരളത്തിലെ പക്ഷികള്‍' തുടങ്ങിയ പുസ്തകങ്ങളില്‍ നിന്നോ അവ സാധിക്കാം. പക്ഷികള്‍ കൂടുതല്‍ പുറത്തിറങ്ങുന്ന രാവിലേയും, വൈകീട്ടുമാണ്‌ പക്ഷിനിരീക്ഷണത്തിന്‌ പറ്റിയ സമയം. നിരീക്ഷണത്തിനിറങ്ങുമ്പോള്‍ ഒരു പേന, ചേരിയ നോട്ടുബുക്ക്‌, ദൂരദര്‍ശിനി തുടങ്ങിയവ കരുതേണ്ടതാണ്‌. പേരറിയാത്ത പക്ഷിയെ കണ്ടാല്‍ അവയുടെ നിറങ്ങളും, ചേഷ്ടകളും നോട്ട്‌ ചെയ്ത്‌ പക്ഷി പുസ്തകത്തില്‍ നിന്ന് പേരുകള്‍ തിരിച്ചറിയാം. നിത്യവും ഒരു ഡയറി എഴുതലാവും നല്ലത്‌. കാലാകാലങ്ങളിലെ മാറ്റങ്ങള്‍ ഇതില്‍ നിന്നറിയാം. പല പക്ഷികളും വീട്ടുവളപ്പില്‍ കൂടുകള്‍ കെട്ടും. അവയെ പേടിപ്പിക്കാതെ അവയുടെ വൈചിത്ര്യങ്ങള്‍ നിരീക്ഷിക്കുന്നതില്‍പ്പരം കൗതുകം വേറെയില്ല.

പക്ഷിനിരീക്ഷണത്തെക്കുറിച്ചു പറയുമ്പോള്‍ കേരളത്തില്‍ പക്ഷിനിരീക്ഷണത്തിന് ഒരു പുതിയ മാനം നല്‍കിയ ശ്രീ ഇന്ദുചൂഡനെ കുറിച്ച് പരാമര്‍ശിക്കാതിരിക്കാനാവില്ല.

കേരളത്തില്‍ പക്ഷിനിരീക്ഷണത്തിന്‌ ഒരു പുതിയ മാനം നല്‍കിയത്‌ ശ്രീ ഇന്ദുചൂഡനാണ്‌. ശ്രീ നീലകണ്ഠന്റെ തൂലികാനാമമാണ്‌ ഇന്ദുചൂഡന്‍. 1923 ഏപ്രില്‍ മാസത്തില്‍ പാലക്കാട്‌ ജില്ലയിലെ കാവശ്ശേരിയിലാണ്‌ അദ്ദേഹം ജനിച്ചത്‌. ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദമെടുത്ത ശേഷം കോളേജ്‌ അദ്ധ്യാപകനായി. ഒരു മുഴുവന്‍ സമയ പക്ഷിനിരീക്ഷകനായിരുന്നില്ല ശ്രീ നീലകണ്ഠന്‍. ഔദ്യോഗികമായ തന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റിയശേഷം ബാക്കിവരുന്ന സമയമാണ്‌ അദ്ദേഹം പക്ഷിപഠനത്തിനു വിനിയോഗിച്ചത്‌.

ഇന്ത്യയിലെ ഏറ്റവും വലിയ 'പെലിക്കന്റി'(പെലിക്കന്‍ എന്ന കൂറ്റന്‍ നീര്‍പറവയുടെ പ്രത്യുത്പാദനകേന്ദ്രം ഇദ്ദേഹമാണ്‌ കണ്ടുപിടിച്ചത്‌.

ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ മലയാളത്തിലും ഇംഗ്ലീഷിലും പക്ഷികളെക്കുറിച്ച്‌ ധാരാളം ലേഖനങ്ങളും കുറിപ്പുകളും ഇന്ദുചൂഡന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ജേണലില്‍ അദ്ദേഹത്തിന്റെ പക്സി നിരീക്ഷണക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇതിനു പുറമെ കേരളത്തിലെ പക്ഷികള്‍, പക്ഷികളും മനുഷ്യരും, പക്ഷികളുടെ അദ്ഭുത പ്രപഞ്ചം, എ ബുക്ക്‌ ഓഫ്‌ കേരള ബേര്‍ഡ്സ്‌.. തുടങ്ങിയ പുസ്തകങ്ങളും ഇന്ദുചൂഡന്റെതായിട്ടുണ്ട്‌. പഷികളും മനുഷ്യരും എന്ന ഗ്രന്ഥം 1980ല്‍ കേരളസര്‍ക്കാരിന്റെ മികച്ച ബാലസാഹിത്യത്തിനുള്ള അവാര്‍ഡും 1981ല്‍ കൈരളി ചില്‍ഡ്രന്‍സ്‌ ട്രസ്റ്റിന്റെ അവാര്‍ഡും നേടി. കൂടാതെ കേരള നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സ്ഥാപകന്‍, കേരള വന്യജീവി സംരക്ഷണ ബോര്‍ഡില്‍ അംഗം, തുടങ്ങിയ പദവികളും അലങ്കരിച്ചിട്ടുണ്ട്‌. ഇതില്‍ കേരളത്തിലെ പക്ഷികളെന്ന ഗ്രന്ഥം പക്ഷിനിരീക്ഷകര്‍ക്കൊരു ഉത്തമ വഴികാട്ടികൂടിയാണ്‌. ഓരോ പ്രകൃതിസ്നേഹിയും സൂക്ഷിച്ചുവെക്കേണ്ടതാണീ ഗ്രന്ഥം. കേരളത്തില്‍ മഴക്കൊച്ച, തവിടുപാറ്റപിടിയന്‍, ചിന്നമുണ്ടീ തുടങ്ങി ഒട്ടനവധി പക്ഷികളുടെ പ്രജനനം കണ്ടുപിടിച്ചതിദ്ദേഹമാണ്‌. കൂടാതെ പല പക്ഷികളുടെയും ശബ്ദങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനം ശാസ്ത്രലോകത്തിനു മുതല്‍ക്കൂട്ടാണ്‌.

പക്ഷികളെക്കുറിച്ചുള്ള ഈ ലേഖനത്തില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പക്ഷിനിരീക്ഷണം നടത്തിവരുന്ന ഒരാളെന്ന നിലയ്ക്ക്‌ കുറച്ച്‌ പക്ഷികളെ കുറിച്ചെഴുതാന്‍ ഞാനാഗ്രഹിക്കുന്നു. അത്‌ വരും ദിവസങ്ങളില്‍...